Friday, August 24, 2007

ജോണി

മണലും കയറ്റി ചീറിപാഞ്ഞ്‌ വന്ന ടിപ്പര്‍ലോറി മുന്‍പിലുള്ള ബസ്സിനെ ഓവര്‍ടേക്ക്‌ ചെയ്ത്‌ എതിരെ വന്ന കാറിനെ ഇടിച്ച്‌ തകര്‍ക്കുമ്പോള്‍ ജോണി എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോണ്‍ ജോസഫ്‌ അതിലെ ഡ്രൈവറിന്റെ അരികിലുള്ള സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു.
പിന്നെയവന്‍ ഉണര്‍ന്നില്ല.ഉറക്കവും ക്ഷീണവുമൊന്നുമില്ലാത്ത ലോകത്തേക്ക്‌ അവന്‍ പറന്ന് പോയി.
അവന്റെ അപ്പച്ചനേയും അമ്മച്ചിയേയും ഉപേക്ഷിച്ച്‌.
ഭാര്യ ലീനയെ ഉപേക്ഷിച്ച്‌.
ഒന്നരവയസ്സുള്ള...അവന്‍ കുട്ടാപ്പിയെന്ന് വിളിക്കുന്ന കിരണിനെ ഉപേക്ഷിച്ച്‌.
**************
അവന്റെ ഫോണ്‍ കിടന്ന് കീയോ കീയോ എന്ന് വിളിക്കുന്നത്‌ കേട്ടു കൊണ്ടാണ്‌ ഞാന്‍ വീട്ടിലേക്ക്‌ കേറി ചെന്നത്‌.
മൂന്ന് മുറിയും അടുക്കളയും ഉള്ള ഒരു വീടാണ്‌ കമ്പനി എടുത്ത്‌ തന്നിരിക്കുന്നത്‌.
അവിടെ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രം.
മൂന്നാമന്‍ ഒരു ബംഗാളി.
എനിക്ക്‌ കള്ള്‌ ചെല്ലുമ്പോള്‍ തെറി പറയാന്‍ വേണ്ടി മാത്രം കമ്പനി അയച്ച്‌ തന്നിരിക്കുന്ന ഒരു മൊതലാണത്‌.
അവന്‍ കുളിക്കുകയാണെന്ന് തോന്നുന്നു.
ഞാന്‍ ഫോണെടുത്തു.അവന്റെ ഭാര്യയാണ്‌.
നാളെ അവന്‍ നാട്ടിലേക്ക്‌ തിരിക്കുകയാണ്‌.
പെട്ടിയും കിടക്കയുമൊക്കെ റെഡിയാക്കി വച്ചോ എന്നറിയാനാണ്‌ ലീന വിളിച്ചത്‌.
ഞാന്‍ പറഞ്ഞു.....അവന്‍ വെള്ളമടിച്ച്‌ ബോധമില്ലാതെ ഇവിടെ കിടപ്പുണ്ട്‌.
ഒരാഴചയെങ്കില്‍ ഒരാഴ്ച ലീനയെന്ന മാരണത്തെ സഹിക്കണമല്ലോയെന്ന സങ്കടത്തില്‍ അവന്‍ കുടിച്ച്‌ പോയതാണെന്ന് പറഞ്ഞപ്പോള്‍
ലീന ചിരിച്ചു.
അവന്‍ കുടിക്കില്ലായെന്ന് അവള്‍ക്കറിയാം.
****************
മൂന്ന് കൊല്ലം മുന്‍പ്‌ അവന്റെ കല്യാണത്തിന്‌ ഞാനും പോയിരുന്നു.
ജയ്‌സാല്‍മറിലെ ചുട്ട്‌ പഴുത്ത ഭൂമിയില്‍ നിന്ന് നേരേ കോതമംഗലത്തിന്റെ തണുത്ത അന്തരീക്ഷത്തിലേക്ക്‌ ചെന്ന്...
കല്യാണ അര്‍മാദം എന്നും പറഞ്ഞ്‌ കോതമംഗലമെടുത്ത്‌ തിരിച്ച്‌ വച്ചു.

'നീയിരിന്ന് കുടിച്ച്‌ കുന്തം മറിഞ്ഞിട്ട്‌ നാളേം നട്ടുച്ച മണിക്ക്‌ സൈറ്റില്‍ കേറി വന്നാ മതീട്ടാ'...
എന്ന സ്ഥിരം ചീത്തേം വിളിച്ച്‌ ഒന്‍പത്‌ മണിക്ക്‌ പുതപ്പിനടിയില്‍ ചുരുളാറുള്ള അവന്‍....
കല്യാണം കഴിഞ്ഞ്‌ സൈറ്റില്‍ തിരിച്ചെത്തിയ ആദ്യ കുറച്ച്‌ ദിവസങ്ങളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞ്‌ കിടന്ന് സമയം കളയുന്നതും...
എഴുന്നേറ്റ്‌ വന്ന് പച്ചവെള്ളം തുരുതുരാ കുടിക്കുന്നതും കണ്ട്‌ ഞാന്‍ അലറിച്ചിരിച്ചു.
'ഇരുന്ന് കിളിക്കല്ലേടാ പിശാശേ..'
എന്നും പറഞ്ഞ്‌ അവന്‍ പിന്നേം കിടക്കയില്‍ ചുരുളുമ്പോള്‍ എന്റെ ചിരിയുടെ വോള്യം കൂടി.
കുട്ടാപ്പി ജനിച്ച ദിവസം മുംബൈ ഓഫീസില്‍ ആയിരുന്നു അവന്‍.
ഞാന്‍ സൂറത്തില്‍ ഒരു സൈറ്റിലും.
അവന്‍ എന്നെ വിളിച്ച്‌ കൊച്ച്‌ ജോണി അവതരിച്ച വിവരം പറയുകയായിരുന്നില്ല.
ഫോണിലൂടെ കൂവുകയായിരുന്നു.
പിന്നെ ഞങ്ങള്‍ ഒരുമാസത്തിന്‌ ശേഷം മുംബയില്‍ വച്ച്‌ കണ്ടപ്പോള്‍ അവന്‍ നാട്ടില്‍ പോയി കുട്ടാപ്പിയെ കണ്ട്‌ തിരിച്ച്‌ വന്നിരുന്നു.ഫോട്ടോ കാണിച്ച്‌ കിരണ്‍ എന്നാണ്‌ പേരിടുക എന്ന് പറഞ്ഞു.
ഞാനും അവനും കൂടിയന്ന് ചൗപ്പാട്ടിയിലെ കടല്‍തീരത്ത്‌ രാത്രി വൈകുവോളം അലഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
ഒറ്റമകനായ അവന്‍ വീട്ടില്‍ ഇല്ലാത്തതിന്റെ പ്രശ്നം...ഭാര്യയും കുട്ടിയും കൂടി ആയതോടെ കൂടിയെന്ന് അവന്‍ സങ്കടം പറഞ്ഞു.തൊട്ടടുത്ത നിമിഷം.....
ഈ സൈറ്റുകള്‍ തോറും അലഞ്ഞ്‌ തിരിഞ്ഞുള്ള പണിക്കിടയില്‍ പെണ്ണുമ്പിള്ള പുറകേ വന്നാല്‍ ഭേഷായി എന്നും പറഞ്ഞ്‌ ചിരിച്ചു.
കൊച്ചിയില്‍ വര്‍ക്ക്‌ നടന്നിരുന്ന സമയത്ത്‌ അവന്‍ ലീനയേയും കുട്ടാപ്പിയേയും കൂട്ടി വീട്ടില്‍ വന്നു.
'ഇവനെ നമുക്ക്‌ ഒന്നൊതുക്കണ്ടേ.പിടിച്ചങ്ങട്‌ കെട്ടിച്ചാലോ...'
എന്ന അവന്റെ ചോദ്യത്തിനുള്ള എന്റെ അമ്മയുടെ മറുപടിയായ...
'എന്തിനാ വല്ല പെണ്‍പിള്ളേരുടേം ജീവിതം കൂടി കളയണത്‌...'എന്ന ഡയലോഗ്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.
കൊച്ച്‌ കുട്ടാപ്പിയന്ന് എന്നെയും വീട്ടിലുള്ള പോമറേനിയന്‍ പട്ടിയേയും മാറിമാറി കണ്ണ്‌ മിഴിച്ച്‌ നോക്കുന്നത്‌ കണ്ട്‌...
ഇതെന്താ രണ്ടിന്റേം മോന്ത ഒരുപോലെയിരിക്കുന്നതെന്നാ കുട്ടാപ്പി നോക്കുന്നത്‌ എന്നൊരു കീറും കീറി അവന്‍ അലറിച്ചിരിച്ചു.

തിരിച്ച്‌ അഹമ്മദാബാദിലേക്ക്‌.
ജോയിന്‍ ചെയ്യേണ്ട ദിവസത്തിനും പതിനഞ്ച്‌ ദിവസം വൈകി സൈറ്റിലേക്ക്‌ കെട്ടും മുറുക്കി കേറി ചെന്ന എന്നെയവന്‍ കണ്ണ്‌ പൊട്ടണ ചീത്ത വിളിച്ചു.തോന്നുമ്പോള്‍ കേറി വരാന്‍ ഇത്‌ നിന്റെ അമ്മായിയപ്പന്റെ സൈറ്റല്ലായെന്നും പറഞ്ഞ്‌ അവന്‍ ബഹളം കൂട്ടി.ഇത്‌ റിപോര്‍ട്ട്‌ ചെയ്യും എന്നും പറഞ്ഞ്‌ എന്നെ ഭീഷണിപ്പെടുത്തി.
എന്നിട്ട്‌ ദേഷ്യം ഒന്നൊതുങ്ങിയപ്പോള്‍...
മുംബയ്‌ ഓഫീസിലേക്ക്‌ അയച്ച്‌ കൊടുത്ത ഡെയിലി റിപോര്‍ട്ടുകളുടെ കോപ്പിയെടുത്ത്‌....
അതില്‍ എന്നെക്കുറിച്ച്‌ എഴുതിപ്പിടിപ്പിച്ച...
ഞാന്‍ സൈറ്റില്‍ തന്നെയുണ്ട്‌ എന്ന രീതിയിലുള്ള വാചകങ്ങള്‍ കാണിച്ച്‌....
എവിടെപ്പോയാലും, നിന്നെക്കുറിച്ച്‌ നുണയെഴുതിയെഴുതി ഞാന്‍ മടുത്തു എന്നും പറഞ്ഞ്‌ അവന്‍ ചിരിച്ചു.

പേമാരിയില്‍ അഹമ്മദാബാദ്‌ മുങ്ങിയപ്പോള്‍....
ഫോണും മെയിലും കത്തും മുടങ്ങിയ രണ്ട്‌ ദിവസം വീട്ടിലെ വിശേഷങ്ങള്‍ അറിയാതെ അവന്‍ അസ്വസ്ഥനായി.മൂന്നാം ദിവസം തകരാറുകള്‍ എല്ലാം ശരിയായി വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കാന്‍ പറ്റിയപ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ അവന്‍ കരഞ്ഞു.അവന്റെ കരച്ചില്‍ കണ്ട്‌ അന്തം വിട്ടിരുന്ന എന്നെ നോക്കി അവന്‍ ചിരിച്ചു.....എന്നിട്ട്‌ പറഞ്ഞു.
അമ്മച്ചി കരയണു...അപ്പോ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയതാ.
നോര്‍ത്തിലെ വെള്ളപ്പൊക്കം നാട്ടിലെ പത്രങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നെന്ന് പിന്നീടറിഞ്ഞു.
രണ്ട്‌ ദിവസത്തിന്‌ ശേഷം അവന്‍ പറഞ്ഞു....
'ഞാന്‍ ഒരാഴ്ചത്തേക്ക്‌ വീട്ടില്‍ പോകുന്നു.അമ്മച്ചിയെ കാണണം...'
'ഊവാ..അമ്മച്ചിയെ കാണാന്‍ പോണ്‌...തണുത്ത വെള്ളം കുടിച്ച്‌ ഒറങ്ങാന്‍ നോക്കട ചെക്കാ'യെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവനൊരു മൂളിപ്പാട്ടും പാടി....
അടുത്തിരുന്ന്... ഹാന്‍സും പാന്‍പരാഗും കൂട്ടിക്കുഴച്ച്‌ വിഴുങ്ങുന്ന ബംഗാളിയുടെ പള്ളക്കിട്ട്‌ ചൂണ്ട്‌ വിരലിന്‌ ഒരു കുത്തും കൊടുത്ത്‌ റൂമിലേക്ക്‌ കേറിപ്പോയി.
'ഞാന്‍ തിരിച്ച്‌ വരുമ്പോള്‍ ഈ സൈറ്റ്‌ ഇങ്ങനെ തന്നെ കാണുവോ..അതോ നീയും ഈ പൊട്ടനും കൂടി ഇത്‌ കത്തിക്കുമോ....'
അവന്‍ ബംഗാളിയെ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ പിറ്റേ ദിവസം എന്നോട്‌ ചോദിച്ചു.
നിങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ എന്താ പറയുന്നത്‌ എന്ന് ചോദിച്ച ബംഗാളിയോട്‌..നീയൊരു മിടുക്കന്‍ ആണെന്ന് പറഞ്ഞതാ എന്നും പറഞ്ഞ്‌ അവന്‍ ചിരിച്ചു.ആക്കിയതാണെന്ന് ബംഗാളി സ്വപ്നത്തില്‍ പോലും ചിന്തിച്ച്‌ കാണില്ല.അത്രക്ക്‌ ബുദ്ധിയാണ്‌ ബംഗാളിക്ക്‌.

പോകുന്നതിന്റെ തലേന്ന് അഹമ്മദാബാദ്‌ സിറ്റിയില്‍ അലഞ്ഞ്‌ നടന്ന് അവന്‍ കുറേ സാധനങ്ങള്‍ വാങ്ങിച്ചു.....
വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍.
ഒരു തുണിക്കടയില്‍ കയറിയ അവന്‍ അവിടെയുള്ള സാരി കമ്പ്ലീറ്റ്‌ എടുത്ത്‌ വാരിവലിച്ച്‌ ഇടീച്ചു.
അവന്റെ അദ്ധ്വാനം കുറക്കാന്‍...ഇത്‌ കൊള്ളാമെടായെന്നും പറഞ്ഞ്‌ ഞാന്‍ കാണിച്ച്‌ കൊടുത്ത ഒരു മള്‍ട്ടിക്കളര്‍ സാരി കണ്ട്‌...അവന്‍ എന്നെയൊന്ന് നോക്കി.എന്നിട്ട്‌ പറഞ്ഞു...
'പോയേ...പോയേ....'
************
പക്ഷേ..ഒന്നും വീട്ടിലേക്ക്‌ എത്തിയില്ല.
സാരിയും..കുട്ടാപ്പിക്ക്‌ വാങ്ങിച്ച കളിപ്പാട്ടങ്ങളും....
ഷോക്കേസില്‍ വയ്ക്കാനുള്ള കരകൗശല വസ്തുക്കളും...
ഗുജറാത്തി മധുരപലഹാരങ്ങളും....ഒന്നും.
അവയെല്ലാം പെരുമ്പാവൂരിന്‌ അടുത്ത്‌....വഴിയരികില്‍ ചിതറിക്കിടന്നു.
*************
അവനില്ലാത്ത...അവന്റെ ചിരി ഉയരാത്ത മുറിയില്‍ ഞാന്‍ വെറുതേയിരുന്നു.
ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത്‌ അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത്‌ എനിക്ക്‌ ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്‌.
നെഞ്ചത്തടിച്ച്‌ കരയുന്ന അമ്മച്ചിയെ കാണാം.
മയങ്ങാനുള്ള ഇഞ്ചക്ഷന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന ലീനയെ കാണാം.
ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.
ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം.
പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.
കാഴ്ച മങ്ങുന്നത്‌ പോലെ.

ഞാന്‍ കരയുകയായിരുന്നു.
വളരെ......വളരെ നാളുകള്‍ക്ക്‌ ശേഷം.

45 comments:

RR said...

സാന്റോസേ, എന്തു പറയണം എന്ന് അറിയില്ല. :(

May his soul rest in peace..

qw_er_ty

സാജന്‍| SAJAN said...

സാന്‍ഡോസേ, നി കരയിപ്പിച്ചല്ലോടാ:(
ദൈവം ആ കുടുംബത്തേയും നിന്നേയും ആശ്വസിപ്പിക്കട്ടെ!

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്‍‌റ്റൂ, നന്നായെഴുതി.

(സൌഹ്ര്‌ദത്തിന്റെ ആ മുറുക്കം ശരിക്കും അനുഭവപ്പെട്ടത് പോലെ)

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോസേ സത്യാണോ?

കഥയാണേല്‍ നടുമ്പൊറത്തിട്ട് വീക്കും ദുഷ്ടാ.. ചുമ്മാ മനുഷ്യനെ സെന്റിയടിപ്പിക്കുന്നോ.. :(

krish | കൃഷ് said...

സാന്‍ഡൂ.. യഥാര്‍ത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ എന്തു വ്യത്യാസം.
ഓരോ അപകടവും ഓരോ കുടുംബത്തെ പിടിച്ചുലക്കും.
(മണലടിക്കുന്ന ടിപ്പര്‍ ലോറിക്കാരുടെ കാര്യം ഒന്നും പറയേണ്ട..)

ശ്രീ said...

സാന്റ്റോസെ...
ഇതു സംഭവിച്ചതു തന്നെയാണോ?
:(

സൌഹൃദം...അതിന്റെ ആഴം...എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ബയാന്‍ said...

.

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡൂ.... ദുഃഖത്തില്‍ പങ്കു ചേരുന്നു.

കൊച്ചുത്രേസ്യ said...

സാന്‍ഡോ :-(

ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളൊക്കെ വരുമ്പോഴാണ് ഈ ദൈവംന്നു പറയുന്ന സംഭവം കള്ളത്തരമാണോന്നു വരെ തോന്നിപ്പോവുന്നത്‌...

ഗുപ്തന്‍ said...

സാന്‍ഡോ... ഈ പേരിനു താഴെ അക്ഷരം തെളിഞ്ഞ എല്ലാ അവസരത്തിലും ഒന്നു ചിരിക്കാനുണ്ടായിരുന്നു. ഇത് നോവിച്ചു

ഈശ്വരന്‍ നിങ്ങളെ ആശ്വസിപ്പിക്കട്ടെ.

Kalesh Kumar said...

ഡാ, :(

Promod P P said...

രംഗബോധമില്ലാത്ത കോമാളിയായ മരണം ഏതെക്കോയൊ രൂപത്തില്‍ കടന്നു വരുന്നു..
ഇത് വായിച്ച് മനസ്സ് വീണിരിക്കുന്ന എന്നെ നോക്ക് ഓഫീസിലെ പയ്യന്‍ ചോദിച്ചു “സാറിന്റെ കണ്ണില്‍ എന്താ പൊടി വീണോ?” (ധീരനായ ചെന്താമരക്കണ്ണനുണ്ടൊ കരഞ്ഞിട്ടൊള്ളു)..

സാന്‍ഡൊ...ശരിക്കും നൊന്തു

aneeshans said...

.......

Haree said...

:(
--

myexperimentsandme said...

ശരിക്കും വേദനിപ്പിച്ചു

ജാസൂട്ടി said...

എന്തൊക്കെ പരീക്ഷണങ്ങള്‍...
പക്ഷേ വിധിയെ ചോദ്യം ചെയ്യാന്‍ പാവം മനുഷര്‍ക്കെന്ത് അര്‍ഹത...

ഇനിയുള്ള ജീവിതം നേരിടാന്‍ ആ അമ്മക്കും കുഞ്ഞിനും ദൈവം ശക്തി നല്‍കട്ടെ.

Kumar Neelakandan © (Kumar NM) said...

ഇത് കഥയല്ല.
കഥ ഇങ്ങനെ എഴുതാനാവില്ല.
ഇത് ജീവിതവും അല്ല.
ജീവിതവും ഇങ്ങനെ എഴുതാനാവില്ല.
ഇത് ശരിക്കും മരണംതന്നെ.
മണലുകയറ്റിവരുന്ന ടാങ്കര്‍ ലോറിയുടേയും അലറിപാഞ്ഞുവരുന്ന പ്രൈവറ്റ് ബസിന്റേയും സംഹാരധ്വനിക്കു താഴ ടയറിലും ബമ്പറിലും ഒളിച്ചിരുന്നു പാഞ്ഞുവരുന്ന മരണം. റോഡില്‍ ഒരുപാടു വളവുകളിലും തിരിവുകളിലും നമ്മള്‍ മുഖാമുഖം കണ്ട് കണ്ണിറുക്കി തിരിയുന്ന മരണം.

ജീവിതം ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്, മരണത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍.

Pramod.KM said...

അടുപ്പമുള്ളവരുടെ മരണം ഒട്ടൊന്നുമല്ല നമ്മെ അസ്വസ്ഥരാക്കുക.

തീക്കൊള്ളി said...

കണ്ണുകള്‍ നഷ്ടപ്പെട്ടതിനു ശേഷമേ അതിന്റെ യഥാര്‍ത്ഥ വില അറിയൂ എന്നു പറയുന്ന പോലെ... ഉറ്റവരുടെ സാന്നിദ്ധ്യം പകരുന്ന സ്നേഹം, സന്തോഷം, ഒക്കെ ശരിയ്ക്ക്‌ അടുത്തറിയുന്നത്‌ അവരുടെ അസാന്നിദ്ധ്യങ്ങളിലാണ്‌. അകാലമരണമടഞ്ഞ എന്റെയൊരു സുഹൃത്തിനെ ഓര്‍ത്തുപോയി...

മരിച്ചുപോയവരെക്കുറിച്ച്‌, ഏറ്റവും കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുള്ളതും ഈ സുഹൃത്തിന്റെ അഭാവം മൂലമാണ്‌..

പിന്നെ എന്റെ മുത്തശ്ശി.. എന്നെ ചെറുപ്പത്തില്‍, എന്റെ മാതാപിതാക്കളെക്കാളേറെ, എന്നെ നോക്കി, പരിപാലിച്ച്‌, ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ കഴിയുന്നതൊക്കെ നടത്തിതരുമായിരുന്ന മുത്തശ്ശി.. മുത്തശ്ശി മരിയ്ക്കുമ്പോള്‍ ഞാനൊരു സ്കൂള്‍കുട്ടി മാത്രം.. തന്ന സ്നേഹം ഒരു വിധത്തിലും തിരിച്ചുകൊടുക്കാനായില്ല.. ആ ഒരു സങ്കടം മനസ്സില്‍ കിടന്ന് ഇപ്പോഴും വിങ്ങുന്നു...

മരിച്ചുപോയവര്‍ ഓര്‍ക്കപ്പെടുന്നത്‌ ജീവിച്ചിരിയ്ക്കുമ്പോള്‍ അവര്‍ സമ്മാനിച്ചുപോയ നല്ല നിമിഷങ്ങളിലൂടെയാണെന്ന സത്യംകൂടി ഈ പോസ്റ്റ്‌ വിളിച്ചുപറയുന്നു..

സാന്‍ഡൊ, what i can say? thanks for this pOst? no.., no words brother..
കണ്ണു നിറയുന്നെടോ...

മഴത്തുള്ളി said...

സാന്‍ഡോ,

ഈ പോസ്റ്റിന്റെ അവസാനം പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ ഒരു നിമിഷം മനസ്സിലേക്ക് കയറിവന്നു. എത്ര വേദനാജനകമായ രംഗങ്ങളാണതെല്ലാം :(

ജിം said...

നല്ലവരെ ദൈവം ഇങ്ങനെ വേഗം തിരിച്ചു വിളിക്കുമായിരിക്കും ല്ലേ..?

Murali K Menon said...

രംഗങ്ങള്‍ ഓരോന്നായ് കണ്മുന്നില്‍ വന്ന് നിരക്കുന്നവിധമാണ് സാന്‍ഡൊ കാര്യങ്ങളവതരിപ്പിച്ചത്. വായനക്കൊടുവില്‍ ഈറനണിയാത്ത കണ്ണുകളുണ്ടാവില്ല, തീര്‍ച്ച

അരവിന്ദ് :: aravind said...

sandoz
what can i say...
:-(

ഗിരീഷ്‌ എ എസ്‌ said...

നല്ല നല്ല തമാശകള്‍
കുത്തിക്കുറിക്കുന്ന ഒരാളില്‍ നിന്നും എപ്പോഴും അങ്ങനെയെന്തൊക്കെയോ പ്രതീക്ഷിക്കൂ...
പക്ഷേ..
ഇത്‌ വായിച്ചു തീര്‍ന്നപ്പോ
എന്തോ ഉള്ളിലൊരു വിങ്ങല്‍....
കഥയായാലും
ജീവിതമായാലും..
സംഭവിക്കുന്നവ..
സംഭവിച്ചേക്കാവുന്നവ...

സാന്‍ഡോസ്‌
അഭിനന്ദനങ്ങള്‍...

Mubarak Merchant said...

പറയാന്‍ ഏറെയുണ്ടായിട്ടും ഒന്നും പറയാനാവാതെ ഇരിക്കേണ്ടിവരുന്ന അവസ്ഥ..
ഇല്ലെടാ, ഒന്നും പറയുന്നില്ല.

മൂര്‍ത്തി said...

സാന്‍ഡോ... :(

-B- said...

സങ്കടായല്ലോ.. :(

എല്ലാവര്‍ക്കുമായി മറുപടി കമന്റിടുമ്പോ “പറ്റിച്ചേ.. ഇതൊരു ഇണ്ടാക്കി കഥയാണേ..” എന്ന് പറയുമെന്ന പ്രതീക്ഷയോടെ..

Visala Manaskan said...

ഓരോന്ന് ഒണ്ടാക്കി പറഞ്ഞോളും മനുഷ്യനെ വിഷമിപ്പിക്കാന്‍.

|:

K.V Manikantan said...

:(

d said...

:(

ഇത് ഒരു കഥ മാത്രമായിരിക്കട്ടെ!

Unknown said...

ചിരിക്കാനുള്ള എല്ലാ തയ്യറെടുപ്പോടും കൂടിയാണ് എത്തിയത്‌. പക്ഷെ ജോണി ഒരു തുള്ളി കണ്ണുനീര്‍ ബാക്കി നിര്‍ത്തി. :(
ഇതു പുതിയൊരു രചനാ ശൈലിയുടെ പരീക്ഷണമാവണേ എന്നു ആഗ്രഹിക്കുന്നു.

സാല്‍ജോҐsaljo said...

സങ്കടപ്പെടുത്തി...

ആ പേരുകള്‍ പണ്ടേ സങ്കടപ്പെടുത്തുന്നവയാ

:(

ശാലിനി said...

ഇതു സംഭവിച്ചതു തന്നെയാണോ?

kumar © said... "ജീവിതം ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്, മരണത്തെകുറിച്ച് ഓര്‍ക്കുമ്പോള്‍."

:(

ഇളനീര്‍ said...

:(

അത്തിക്കുര്‍ശി said...

:(

SUNISH THOMAS said...

:(

Unknown said...

ഇതു ഞാന്‍ കണ്ടില്ലായിരുന്നു...

വല്ലാത്ത ഒരു വിങ്ങല്‍..അപകടം നടക്കുന്ന വഴിയരികില്‍ ചിതറി കിടക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും ഒക്കെ ഇതു പോലെയൊരു കഥയുണ്ടാകുമല്ലേ...ഇതു കഥയാ‍ണെന്നെനിക്കു തോന്നുന്നില്ല...!!!

കണ്ണൂസ്‌ said...

ഒന്നില്‍ കൂടുതല്‍ തവണ അനുഭവിച്ചിട്ടുള്ളതു കൊണ്ട് തീവ്രത മനസ്സിലാവും.

കുടുംബാംഗങ്ങള്‍ക്ക് ഈ ദുഃഖം സഹിക്കാന്‍ ജഗദീശ്വരന്‍ ശക്തി നല്‍കട്ടേ. കുട്ടാപ്പി മിടുക്കനായി വളര്‍ന്ന് അമ്മക്ക് തുണയാവട്ടേ.

Sanal Kumar Sasidharan said...

നോവിക്കുന്ന പറച്ചില്‍.ആരോ അടുത്തിരുന്നു പറഞ്ഞപോലെ

എതിരന്‍ കതിരവന്‍ said...

sandoz:

I know how you feel.
Remember the story of Buddha asking a women to bring mustard from a family where there were no deaths?

Couple of years ago when I was driving, a 10 year old heart, my own family, stoped beating for ever. In the back seat of my own mini van. Drunk /drugged driver's SUV hit my mini van.

Why did God do to this to us?
No answer.

I know you are asking the same question.

No answer.

Kannoos had a story of his beloved car being lost in an accident. We lost more than our mini van.

ബിന്ദു said...

വായിക്കേണ്ടിയിരുന്നില്ല. :(

Dinkan-ഡിങ്കന്‍ said...

ഇത് വൈകിയാണ് കാണുന്നത് സാന്‍ഡോസേ

നൊന്തു :(

ഇട്ടിമാളു അഗ്നിമിത്ര said...

സാന്‍ഡോസ്.. എല്ലാരും പറയും പോലെ... ഈ പേരിനു താഴെ ചിരിപ്പിക്കാനുള്ളതെ കാണാറുള്ളു... ഇതിപ്പൊ... മനസ്സില്‍ കൊണ്ടു.. കൂടുതല്‍ എന്താ പറയാ...:(

sandoz said...

ഇതൊരു കഥയാണോ എന്നു സംശയിച്ചവരോട്‌...
ഇത്‌ കഥയല്ലാ..ജീവിതം തന്നെ....
ജീവിതവുമല്ല..മരണം.....
ഈ പോസ്റ്റ്‌ കൊണ്ട്‌ ജോണിയുടെ കുടുംബത്തിനു ഗുണമൊന്നുമില്ലാ...
എന്നാലും ചുമ്മാ ഒരു ഓര്‍മ്മ ക്കുറിപ്പ്‌.....
പൊള്ളയെങ്കിലും.....

Anoop Technologist (അനൂപ് തിരുവല്ല) said...

സാന്റോ...
വായിച്ചിട്ടു സഹിക്കുന്നില്ല...