Friday, December 21, 2007

ക്രിസ്തുമസ്-ന്യൂ ഈയര്‍ ആശംസകള്‍

ഡിസംബര്‍...
ആഘോഷങ്ങളുടെ മാസം...
ഒരു വര്‍ഷത്തിന്റെ വിളവെടുപ്പ് മാസം...
പുത്തന്‍ പ്രതീക്ഷകളുമായി പുതു വര്‍ഷം പുറകേയെന്നറിയിക്കുന്ന മാസം...
എനിക്കേറ്റവും ഇഷ്ടപ്പെട്ട മാസം...
**********
ഡിസംബര്‍ 2 മുതല്‍ 8 വരെയാണ് മഞ്ഞുമ്മല്‍ അമലോത്ഭവ മാതാവിന്റെ പള്ളിയിലെ തിരുന്നാള്‍.
അതിന്റെ അര്‍മാദം...
തിരക്ക്...തംബോല കളി...
വായ് നോട്ടം...
ഏഴാം തീയതിയിലെ ഘോഷയാത്ര സമയത്ത് നാട്ടിലെ നസ്രാണി പെമ്പിള്ളേരടെ കണക്കെടുപ്പ്...
തിരുന്നാളിന്റെ അവസാന ദിനമായ എഴാംതീയതി നടത്തപ്പെടാറുള്ള ഗാനമേള...
തുടര്‍ന്ന് നടക്കാറുള്ള പൊരിഞ്ഞ അടി...
എല്ലാം സര്‍ക്കാര്‍ പാനീയത്തിന്റെ ബലത്തില്‍.
പാതി ബോധത്തില്‍...

തിരുന്നാളിന്റെ കെട്ട് വിട്ട് വരുമ്പോഴേക്കും ദാ വരുന്നൂ ക്രിസ്തുമസ്.
തീറ്റ.. കുടി..കരോള്‍..ക്രിസ്തുമസ് അപ്പൂപ്പന്‍..നക്ഷത്രം...
ബിവറേജസ് കോര്‍പ്പറേഷനെ ലാഭത്തിലാക്കിക്കൊണ്ടുള്ള ന്യൂ ഈയര്‍ രാവ് പുറകേ...
പുറകേ അടി..ഇടി..പോലീസ് സ്‌റ്റേഷന്‍...

പിന്നെ എന്നെപ്പോലൊരാള്‍ ഡിസംബറിനെ എങനെ സ്‌നേഹിക്കാതിരിക്കും‍‍.
പോരാത്തതിന് നല്ല തണുപ്പും.

എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ എല്ലാ ഡിസംബറും ആഘോഷിച്ചിട്ടുള്ളത് നാട്ടില്‍ തന്നെയാണ്.
അലച്ചില്‍ തുടങ്ങിയതിന് ശേഷവും ...നോര്‍ത്തിലെ ഡാലിന്റേയും ഉണക്കറൊട്ടിയുടേയും പാക്കറ്റ് ചാരായത്തിന്റെയും ഇടയില്‍ നിന്ന്..
എത്ര വലിയ പ്രൊജക്റ്റായാലും കല്ലീവല്ലിയടിച്ച്...
ഡിസംബര്‍ എന്ന എന്റെ പ്രിയപ്പെട്ട മാസം തകര്‍ക്കാന്‍ ഞാന്‍ മഞ്ഞുമ്മലെത്തും...

പക്ഷേ..ഇപ്രാവശ്യം മാത്രം അത് നടന്നില്ല.
ഉം...സാരമില്ല ‍...
ഒരു ചെയിഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്...യേത്..
******************
ക്രിസ്തുമസിനെ പറയുമ്പോള്‍ എനിക്കേറ്റവും കൂടുതല്‍ വിസ്തരിക്കാനുണ്ടാവുക‍‍ കരോളിനെക്കുറിച്ചായിരിക്കും.

വളരെ ചെറുപ്പത്തില്‍...
രണ്ടുരൂപക്കോ മൂന്ന് രൂപക്കോ കിട്ടുന്ന പപ്പാഞ്ഞി മുഖം മൂടിയും ധരിച്ച്..‍
തകരപ്പാട്ടയില്‍ പൊട്ടിയ ബലൂണ്‍ കഷ്നങ്ങല്‍ വലിച്ച്കെട്ടി ചെണ്ടയാക്കി..
ഹാപ്പിക്രിസ്തുമസ് വിളികളോടെ..
കൂട്ടുകാരോടൊത്ത് വീടുകള്‍ കയറിയിറങി നടത്തിയിരുന്ന..
അതും വൈകീട്ട് ഏഴുമണിക്ക് തുടങ്ങി ഏകദേശം ഒമ്പത് മണിയോട് കൂടി അവസാനിപ്പിച്ച്..
വീട്ടുകാരുടെ ചീത്തവിളി പേടിച്ച് വീട്ടിലേക്ക് ഓടിയിരുന്ന..
ബാല്യകാല കരോളുകള്‍ തുടങി..
അര്‍മ്മാദത്തിന്റേയും പെഴപ്പിന്റേയും അങ്ങേയറ്റമായി കൊണ്ടാടിയിരുന്ന കള്ള് കരോളുകള്‍ വരെ...
സാമ്പത്തിക മാനത്തില്‍ പറഞ്ഞാല്‍‍ അഞ്ച് പേര്‍ ചേര്‍ന്ന് പത്തു രൂപ മുടക്കി ഇരുപത്തഞ്ച് രൂപ ലാഭം നേടി വീതം വച്ച്..കോലൈസ് വാങ്ങിച്ച് തിന്ന കുഞ്ഞ് കരോളുകള്‍ തുടങ്ങി..

പത്ത് പതിനഞ്ച് പേര്‍ ചേര്‍ന്ന് പതിനായിരങ്ങള്‍ മുടക്കി അഞ്ഞൂറ് രൂപ ലാഭം നേടിയിരുന്ന മെഗാകരോളുകള്‍ അഥവാ ബിവറേജസ് കരോളുകള്‍ വരെ...

*******

നാലുകൊല്ലം മുന്‍പുള്ളൊരു ഡിസംമ്പര്‍ മാസം...മഞ്ഞുമ്മല്‍ പള്ളിയിലെ തിരുന്നാളിന്റെ അവസാനദിനം സാധാരണ ഗാനമേളയാണ് പതിവ്.

ഒപം കാഴ്ച്ചക്കാര്‍ക്ക് ഫ്രീ ആയി അടിമേളയും കാണാം.

അത് കൊണ്ട് പള്ളിക്കമ്മറ്റിക്കാര്‍ അക്കൊല്ലം ഗാനമേളക്ക് പകരം നാടകമാക്കി അവസാന ദിനം.

മഞ്ഞുമ്മല്‍ക്കാര്‍ ആരാ മക്കള്‍..

നാടകമെങ്കില്‍ നാടകം..

അടിക്കൊരു കുറവും വരുത്തീല്ലാ ജനം..

കള്ള് ചെന്ന്...റിലേം റിപ്ലേം ഇല്ലാത്ത ജനത്തിനെന്ത് ഗാനമേള..എന്ത് നാടകം.

പക്ഷേ ആ രാത്രിയിലെ അടിയുടെ അലയൊലികള്‍ കുറച്ച് ദിവസം നീണ്ടു നിന്നു.അതോട് കൂടി മഞ്ഞുമ്മല്‍ പ്രദേശം കലാപകലുഷിത ഏരിയ ആയി പ്രഖ്യാപിക്കപ്പെടുകയും പോലീസുകാര്‍ മുക്കിലും മൂലയിലും നിലയുറപ്പിക്കുകയും ചെയ്തു.

അങ്ങനെ കേരളാകാക്കിയുടെ അകമ്പടിയോടെയാണ് അക്കൊല്ലം ക്രിസ്തുമസ് മഞ്ഞുമ്മലിലേക്ക് പതുക്കെ നടന്ന് കയറി വന്നത്.പതിവ് കലുങ്ക് മേളയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു.ഇപ്പ്രാവശ്യവും കരോള്‍ നടത്തണം.‍
അതും നല്ല തകര്‍പ്പന്‍ ഇനങ്ങള്‍ അടങ്ങിയ ഒരു കരോള്‍.‍തിരുന്നാളിന് അടിയുണ്ടാക്കിയ ചില മുന്തിയ ഇനങ്ങള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്....
അതിന്റെ പലിശ..പിഴപ്പലിശ റിട്ടേണ്‍....കരോളുമായി സ്വന്തം ഏരിയ വിട്ട് മറ്റ് ഏരിയകളില്‍ കയറുമ്പോള്‍ കിട്ടുമോയെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പ്രമേയം പാസ്സായി.

വേഷങള്‍ തീരുമാനിക്കപ്പെട്ടു.

മൂന്ന് പപ്പാഞ്ഞികള്‍....ഒരു കന്യാമറിയം....രണ്ട് പുലിവേഷം ‍....ഒരു വേട്ടക്കാരന്‍...ഒരു സായിപ്പ് വേഷം....പിന്നൊരു പെണ്‍ വേഷവും...

ക്രിസ്തുമസിനു എന്തൂട്ടിനാ പുലിവേഷവും പെണ്‍ വേഷവും സായിപ്പും എന്നൊക്കെ ചോദിക്കരുത്....ചുമ്മാ അങ് വേഷം കെട്ടുവല്ലേ....ആദ്യ നാലഞ്ച് വീടുകളിലെ പ്രകടനം ഭേഷായി നടന്നു....

ഒപ്പം‘വാട്ടര്‍ സപ്പ്ലൈ‘ വിഭാഗത്തിന്റെ പ്രവര്‍ത്തനവും.

‘വീശാന്‍ ‘മുഖം മൂടിയിട്ട പപ്പാഞികള്‍ക്കായിരുന്നു ഏറ്റവും പാട്.ഓരൊ പ്രാവശ്യവും മുഖം മൂടി അഴിക്കണം.വേട്ടക്കാരന്റെ റോളില്‍ നടന്നിരുന്ന‍ ഞാനും പെണ്‍ വേഷം കെട്ടിയ റോഷനും ഫുള്‍ ഫോമില്‍.സായിപ്പ് വേഷം കെട്ടിയ രാജീവന്‍ ഇംഗ്ലീഷ് നിര്‍ത്തി മലയാളം പറഞ്ഞ് തുടങി.

എട്ടാമത്തെ വീട്ടില്‍ വച്ച് ആദ്യ അത്യാഹിതം നടന്നു.ഒരു പപ്പാഞ്ഞി ഇടിഞ്ഞ് പൊളിഞ്ഞ് താഴെ വീണു.എപ്പൊഴും മുഖം മൂടി പൊക്കി വീശാനുള്ള മടി കൊണ്ട് വെള്ളം തൊടാതെ കുപ്പീന്ന് നേരിട്ടു വിഴുങിയത്രേ ഇഷ്ടന്‍.അവനെ സൈഡൊതുക്കി കിടത്തി.തിരിച്ച് വരുന്ന വഴി ചുമക്കാം എന്ന ഐഡിയയില്‍ കരോള്‍ ടീം വീണ്ടും മുന്നോട്ട്.

കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്‍പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന്‍ അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.

ആ വീട്ടുകാരാണെങ്കിലോ...ഇതെന്താ സംഭവം എന്നും നോക്കി വായും പൊളിച്ച് നില്‍ക്കണു.

ഒരു വിധത്തില്‍ അവനെ അവിടെനിന്ന് പിടിച്ച് കൊണ്ട് പോന്നു.

ഒരു വീട്ടില്‍ ചെന്ന് കേറിയപ്പോള്‍ കന്യാമറിയത്തിന്റെ വായില്‍ സിഗററ്റ്. പുകയൊക്കെ വലിച്ച് വിട്ട് കേറിച്ചെല്ലുന്ന കന്യാമറിയത്തിനെ കണ്ട് ആ വീട്ടുകാര്‍ പൊരിഞ്ഞ ചിരി.

എന്റെ കൈയ്യില്‍ ഒരു തോക്കുണ്ട്.അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല.അതും കുത്തിപ്പിടിച്ചായിരുന്നു ഞാന്‍ നടന്നിരുന്നത്. ‍

റോഷന്റെ പെണ്‍ വേഷം ശരിക്ക് ക്ലിക്കായി.എവിടുന്നോ ഒരു ചുരിദാറും ഒപ്പിച്ച്...തലയില്‍ ഒരു വെപ്പുമുടിയും ഫിറ്റ് ചെയ്ത്...അതിന്റെ മുകളില്‍ ഒരു തൊപ്പിയും ഫിക്സ് ചെയ്ത്...മീശയില്ലാത്ത റോഷന്‍ നടന്നപ്പോള്‍ ശരിക്കും ഒരു ലേഡി എഫക്റ്റായിരുന്നു.

രാത്രിയാണ്..കൂട്ടം തെറ്റരുത്....ആരെങ്കിലും പൊക്കിക്കൊണ്ട് പോകും എന്ന് എപ്പൊഴും ഞങ്ങള്‍ അവനെ ഓര്‍മ്മിപ്പിച്ചു.അവന്‍ ശരിക്കും പെണ്ണാണെന്ന് തന്നെ മിക്കവരും കരുതി.

ചുരിദാറിന്റെ ടോപ്പ് പൊക്കി...അരയില്‍ നിന്ന് വെള്ളം മിക്സ് ചെയ്ത പൈയിന്റ് കുപ്പിയെടുത്ത് നടുറോഡില്‍ നിന്ന് റോഷന്‍ വീശണത് കണ്ട്....പാതിരാ കുര്‍ബാനക്ക് പള്ളിയിലേക്ക് പോവുകയായിരുന്ന ഒരു വല്യമ്മച്ചീടെ തല കറങിപ്പോയി.പെങ്കൊച്ചുങ്ങള്‍ ഇങനെ തുടങിയാല്‍ എന്ത് ചെയ്യും എന്നായിരിക്കും അമ്മച്ചി വിചാരിച്ചിരിക്കുക.

അവസാനം പന്ത്രണ്ട് മണിയോടു കൂടി കലാപരിപാടി അവസാനിപ്പിച്ചു.....നാട്ടുകാരുടെ തല്ല് കിട്ടീല്ലാ എന്നൊരു കുറവോട് കൂടി.

കിട്ടിയതോ പത്തഞൂറ് രൂപ.
വേഷം...വെള്ളം ചെലവുകള്‍ അയ്യായിരത്തിനു മുകളില്‍.

പിന്നെന്താ....ക്രിസ്തുമസ് ആണെന്ന് തോന്നണേ ഇങനത്തെ എന്തെങ്കിലും അര്‍മ്മാദം വേണം.

അര്‍മ്മാദമില്ലാതെന്താഘോഷം....ഒകെ..അപ്പോള്‍ പറഞ്ഞ പോലെ ...

എല്ലാവര്‍ക്കും ക്രിസ്തുമസ്...പുതുവത്സര ആശംസകള്‍....പൊട്ടീരടാ കുപ്പി.....

22 comments:

sandoz said...

എല്ലാവര്‍ക്കും ക്രിസ്തുമസ് ന്യൂ ഈയര്‍ ആശംസകള്‍....

ശ്രീ said...

സാന്റോസേ...

കുപ്പിയില്ല. ന്നാലും തല്‍ക്കാലം നാളികേരം ഒരെണ്ണം ദാ പിടി.
“ഠേ!”

കലക്കി, ചിരിപ്പിച്ചു, പതിവു പോലെ.
“കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്‍പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന്‍ അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.”

ഒപ്പം സിഗററ്റും വലിച്ചോണ്ട് വീട്ടില്‍‌ കയറി വരുന്ന കന്യാമറിയത്തെ ഒന്നാലോചിച്ചു പോയി.
കൊള്ളാം.

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍‌!
:)

asdfasdf asfdasdf said...

സാന്‍ഡോസെ, പല ഓര്‍മ്മകളും വരുന്നു.

കരോളിനു പോയാല്‍ പണ്ട് ചില വീട്ടുകാര്‍ പൈസയ്ക്ക് പകരം കോഴി മുട്ടയാണ് തരുന്നത്. ഈ മുട്ടയൊക്കെ പള്ളിയില്‍ കൊണ്ടുവെയ്ക്കുമെന്നാണ് പലരുടെയും ധാരണ. പതിനൊന്നുമണി കഴിഞ്ഞാല്‍ യാക്കോവേട്ടന്റെ വീട്ടില്‍ ഇതൊക്കെ ബുള്‍സൈയും ബുര്‍ജിയുമൊക്കെയായി ഞങ്ങളുടെ വയറ്റിലേക്ക്.
ചില വീടുകളില്‍ ചെന്നാല്‍
‘ഇവിടെ കാശില്ല പിള്ളാറെ. ‘ എന്നായാല്‍..
‘അമ്മാമേ മുട്ടയിട്..’ അതും ഏശ്ശിയില്ലെങ്കില്‍
‘അമ്മായിയേ മുട്ടയിട്..’ അവസാനം
‘ചേച്യേ .. മുട്ടയിട്..’ എന്നും പറഞ്ഞ് പുല്‍ക്കൂട്ടിലെ നാലഞ്ച് ബലൂണും കുത്തിപ്പൊട്ടിച്ച് ഇറങ്ങിപ്പോരും. :)

ഓര്‍മ്മകള്‍ തന്ന പോസ്റ്റിനു നന്ദി.
ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

(ഓടോ : സാന്‍ഡോസ് മസ്കറ്റിലെത്തിന്റെ ആദരസൂചകമായി സീബ് എയര്‍പോര്‍ട്ടിന്റെ പേരു മാറ്റി. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. ഞാന്‍ ഓടീ. )

ക്രിസ്‌വിന്‍ said...

ക്രിസ്തുമസ് ആശംസകള്‍....

മൂര്‍ത്തി said...

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍‌!

പ്രയാസി said...

"എന്റെ കൈയ്യില്‍ ഒരു തോക്കുണ്ട്.അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല.അതും കുത്തിപ്പിടിച്ചായിരുന്നു ഞാന്‍ നടന്നിരുന്നത്."

ഇപ്പോഴും ഉണ്ടോ സാന്റോസെ ആ തോക്ക്..:)

ക്രിഴ്തുമശ് ന്യൂ ഇയാ‍ാ‍ാര്ര്ര്ര്ര്‍ ആഴംസകള്....എല്ലാഴും കമന്റീട്ട് പൊട്ടിച്ചാ പോഴായിരുന്നാ ശാന്തോഷേ...

ബു ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...;)

Sathees Makkoth said...

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

മുസ്തഫ|musthapha said...

കുല്ല് ആം വ അന്തും ബി ക്ഹൈര്‍...!

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...

പൊട്ടി കുപ്പിക്കണ സകിണ്ട് ആരും കേക്കണ്ടാ... ട്ടാ :)

Ziya said...

ന്റെ സാന്‍ഡോ...
ചെറിയേ ഒരു ഇടവേളക്ക് ശേഷം നീ തകര്‍ത്തു...
ഹോ! എന്താടാ ഒരു നൊസ്റ്റാള്‍ജിയ...
ഈ തണുപ്പില്‍ ഞാനും ആ പഴയ കരോള്‍ സംഘത്തോടൊപ്പം അലയട്ടെ!

എല്ലാ ആശംസകളും.....

Cartoonist said...

സാന്‍ഡോസേ,
എഴുത്ത് അസ്സല്‍. വല്യ പിടിയില്ലാത്ത കാര്യമാണ്. എങ്കിലും, ഒരു ട്രാജിക് ഓര്‍മ്മയുണ്ട് ക്രിസ്മസ് ചുറ്റിപ്പറ്റി. ഭക്ഷണസംബന്ധം തന്നെ.

ഹൊ, ഓര്‍ക്കാന്‍ കൂടി വയ്യ !

പിന്നെപ്പഴെങ്കിലും പറയാം.

Unknown said...

കൊള്ളാം മോനേ സാന്റോ. ഓണം, വിഷു, ക്രിസ്മസ് മുതലായവ ആഘോഷിയ്ക്കാന്‍ മിനിമം വേണ്ട സാധങ്ങള്‍ ഏതൊക്കെ? ഒരു പാക്കറ്റ് മൂല വെട്ടി, ഒരു പാക്കറ്റ് അച്ചാറ്, ഒരു കലുങ്ക്. ഇത്ര പോരേ?

ഉപാസന || Upasana said...

സാന്റോയേ : ക്രിസ്മസ്സ് സ്മരണകള്‍ക്ക് എന്ത് സുഗന്ധം.
ആഘോഷങ്ങളൊക്കെ മര്യാദാമുക്കെന്ന കക്കാട് സെന്ററില്‍ വച്ച് തന്നെ. പുല്‍ക്കൂട്, പാട്ട്... അതൊക്കെ അന്തോഷങ്ങളുടെ ക്രിസ്മസ്സ്.
പിന്നെയുമുണ്ട്

ദുരിതങ്ങളുടെ ക്രിസ്മസ്സ്..

തിരുവനന്തപുരത്തെ പാളയത്തെ എം‌എല്‍‌എ ക്വോര്‍ട്ടേഴ്സില്‍ നിന്ന് കഞ്ഞി കുടിച്ച് മാര്‍ക്കറ്റില്‍ നിന്ന് തമിഴത്തിടെ കടേന്ന് വാങ്ങിയ 10 രൂപേടെ കേക്കിന്റെ രുചിയാണ് എനികേറെ ഇഷ്ടം. ഇത്തവണയും ക്രിസ്മസ്സ് ദുരിതത്തില്‍ തന്നെയാണ് ട്ടാ.

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ക്രിസ്മസ്സ് ആശസകള്‍

പറയാന്‍ മറന്നു.
ഓര്‍മകള്‍ കലക്കി ട്ടാ.
“കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്‍പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന്‍ അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.“

ഹഹഹ. ഒമാനില്‍ ലൈസന്‍സ് ഇണ്ടല്ലോ അല്ലേ..?
:)
എന്നും സ്നേഹത്തോടെ
ഉപാസന

Mr. K# said...

ഗള്‍ഫിലെങ്ങനാ കണക്കെടുപ്പും വായിനോട്ടവുമൊക്കെ പറ്റുമോ? മൂലവെട്ടി ഒപ്പിക്കാന്‍ വലിയ പാടൊന്നും കാണില്ല. അല്ലേ? :-)

അങ്കിള്‍ said...

ക്രിസ്തുമസ്സിന് നന്ദി. അങ്ങനെയെങ്കിലും സാന്‍ഡോസിന്റെ രണ്ട്‌ വാചകം വായിക്കാന്‍ പറ്റിയല്ലോ.

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍‌!

അഭിലാഷങ്ങള്‍ said...

സാന്‍ഡോസേ,

ഞാനും വരുന്നു തന്റെ കൂടെ കൃസ്‌തുമസ് ആഘോഷിക്കാന്‍.. അധികം ആളുകള്‍ വേണ്ട..!!

അതുകൊണ്ട്, ആ കുപ്പിയുടെ മുകളില്‍ ഒരു സൈലന്‍സര്‍ ഫിറ്റ് ചെയ്‌തതിന് ശേഷം പൊട്ടിക്കൂ.. ആ ദില്‍ബനൊക്കെ സ്വന്തം പറമ്പില്‍ ബോമ്പ് പൊട്ടിയാലും കേള്‍ക്കില്ല, പക്ഷെ ഉപഭൂഖണ്ഡങ്ങള്‍ക്കപ്പുറമായാലും കുപ്പിപൊട്ടിയാല്‍ അങ്ങേര് കേള്‍ക്കും. പിന്നെ, കുപ്പിപോയിട്ട് തൊട്ട് നക്കാന്‍ പോലും ഒന്നും കിട്ടില്ല. .

സോ, സീകൃട്ടായി പൊട്ടിക്കാം . കേട്ടോ...

എന്റെ വക സന്‍ഡോസിനും, കുടുമ്പത്തിനും കൃസ്തുമസ്, പുതുവത്സരാശംസകള്‍..

krish | കൃഷ് said...

അപ്പോ, ഗുജറാത്തീന്ന് മുങ്ങീട്ട് ഷാര്‍ജയില്‍ പൊങ്ങിയോ..നീയാള്‍ ഒരു ഫയങ്കര മുങ്ങല്‍കാരന്‍ തന്നെ. അതാ ഇത്രെം നാള്‍ ഇബെടെങ്ങും കാണാത്തത്.
അടിച്കുപൊളിയൊക്കെ തൊടങ്ങിയോ..
സാന്ഡോസ്,ഫുള്‍‍ഡോസ്, ഓവര്‍ഡോസ്, വിന്ഡോസ് (പൊട്ടിച്ചതാ)..

ഹാപ്പി ക്രിസ്തുമസ് & ന്യൂ ഇയര്‍.
(ബോധമുണ്ടെങ്കില്‍):)

നവരുചിയന്‍ said...

ആശംസ ഒക്കെ ഇപ്പഴെ പറയാം ...
ഇച്ചിരെ കഴിഞ്ഞാല്‍ ...... പിന്നെ പറയുന്നെ ഒന്നും തിരിയൂല

അപ്പൊ ശന്റൊഷ് അണ്ണോ ഹരപ്പി ക്രിസ്തുമസ് ....

ഓടോ . വെള്ളം ചേര്ത്തു കഴിക്കരുത് നാട്ടുകാരു വെള്ളം അടിച്ചു എന്ന് പറയും ..

sandoz said...

എല്ലാ നാട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി കര്‍ത്താവിന്റെ ജന്മദിനാശംസകള്‍‍...
കര്‍ത്താവിന്റെ ആശംസ പറയാന്‍ നിയാരടാ...ആശംസ കര്‍ത്താവു പറഞോളും എന്നു പറയണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് കര്‍ത്താവിനോട് പറഞാല്‍ മതി...യേത്..
അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍...

മനോജ് കുമാർ വട്ടക്കാട്ട് said...

ആളിവിടൊക്കെ തന്നെ ഉണ്ടായിരുന്നോ?
ക്ര്സ്തുമസ്സ് ഓര്‍മ്മകള്‍ ഗംഭീരം.

ക്ര്സ്തുമസ്സ് ആശംസകള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല”

പിന്നേ പിന്നേ മൂക്ക് മുട്ടെ കുടിച്ചാലും നാലുകാലില്‍ അന്തസ്സായി നടക്കാനറിയുന്ന നിനക്കെന്തിനാ താങ്ങ്!!!

ചാത്തന്റെ പ്രിയ സാന്‍ഡോയ്ക്ക് ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍....

കുറുമാന്‍ said...

വേട്ടക്കാരന്റെ റോളില്‍ നടന്നിരുന്ന‍ ഞാനും - ഹ ഹ ഈ വേഷമാവുമ്പോള്‍ നിനക്ക് വേറെ വേഷം കെട്ടണ്ടാല്ലെ സാന്റോസേ........ചിരിച്ചു മറിഞ്ഞു.....

ക്രിസ്തുമസ്സ് ആശംസകള്‍

[ nardnahc hsemus ] said...

സാന്റ്റോ, തകര്‍ത്തു..:)

ഇതുപോലെ ഞാനും പണ്ട് കാരോള്‍ സംഘവുമാ‍യി നടന്നിട്ടുണ്ട്, ഒന്നുരണ്ടുവര്‍ഷം.. ഞാന്‍ പെണ്‍ വേഷം.. ഇതിലെ ആ കാണാതായ പുലിയെപ്പോലെ സംഘാംഗങള്‍ അടുത്തസ്ഥലത്തേയ്ക്ക് നീങിയതറിയാതെ ‘കൊടകര ടൌണിലെ ചിത്തിര ടെക്സ്റ്റയിത്സിന്റെ‘ മുന്നില്‍ നിന്ന് ആടിയതിന്റെ ക്ഷീണം ദേ ഇപ്പോഴുമുണ്ട്!

ഓര്‍മ്മകളുടെ ‘കുപ്പി പൊട്ടിച്ചതിനു‘ നന്ദി!

ഹൃദയം നിറഞ ക്രിസ്തുമസ്സ് ആശംസകള്‍!